Friday, November 14, 2008

പകർച്ചവ്യാധി

ആദ്യം,
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
അപ്പോളെങ്കിലും
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
കനല്‍ വീണതുപോലെ,
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..

മുഖം
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.

മൊഴിയുന്ന വാക്കിലും
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.

അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അങ്ങിനെയാണ്
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.

35 comments:

ഭൂമിപുത്രി said...

ഈ പ്രാവശ്യം പുതിയൊരു കവിതയാൺ.ഈയൊരു രൂപകത്തിനു അത്രപുതുമയില്ലെന്നറിയാമെങ്കിലും,എന്റേതായ രീതിയിൽ അവതരിപ്പിയ്ക്കാനൊരു ശ്രമം..

Jayasree Lakshmy Kumar said...

ഏതർത്ഥത്തിൽ നോക്കിയാലും കാലികപ്രാധാന്യമുള്ള പോസ്റ്റ്. നന്നായിരിക്കുന്നു

Ranjith chemmad / ചെമ്മാടൻ said...

വളരെ ശക്തമായത്. തികച്ചും വ്യത്യസ്ഥമായത്..
കണ്ണുടക്കുന്നിടത്തൊക്കെ ചോര പൊടിയുന്നുണ്ട്..
ആശംസകള്‍...

മാംഗ്‌ said...

ഈ ഗണത്തിൽ പെട്ടകവിതകൾ വായനാസുഖമൊ തരുന്നില്ല പോട്ടെ വായിക്കുന്നവനെ അന്താർഥങ്ങൾ കൊണ്ടു പരീക്ഷിക്കുക കൂടി ചെയ്യുന്നു അതുകൊണ്ടിതെനിക്കു ഇഷ്ടപെട്ടില്ല. സത്യം.

കാപ്പിലാന്‍ said...

ശരിയാണ് ,ചെറുതായി പൊട്ടിപടര്‍ന്ന് പിന്നെ അത് ഒരു സമൂഹത്തില്‍ മുഴുവന്‍ വ്യാപിക്കും ഒരു പകര്‍ച്ചവ്യാധി പോലെ .പലതും അങ്ങനെയാണ് സംഭവിച്ചത് .നല്ല ആശയം .

അനില്‍@ബ്ലോഗ് // anil said...

ഭൂമിപുത്രി,
ശക്തമാണ് വരികള്‍.

ആശംസകള്‍.

ജിജ സുബ്രഹ്മണ്യൻ said...

കാലഘട്ടത്തിനു യോജിച്ച കവിത.നല്ല വരികള്‍ .നല്ല ആശയം.എനീക്ക് ഇഷ്ടമായീ ഈ പകര്‍ച്ചവ്യാധി

വികടശിരോമണി said...

നന്നായിരിക്കുന്നു,ഭൂമീപുത്രീ.
സ്വയമറിയാവുന്ന പോലെ രൂപകം പഴയതാണ്.പുതിയ കാലം കവിതയെ ജീവത്താക്കുന്നു.
മാംഗ്,
എല്ലാ കവിതയും ആളുകളെ സുഖിപ്പിക്കണമെന്നില്ല.

പാമരന്‍ said...

പകര്‍ച്ച വ്യാധിയെന്ന തലക്കെട്ടു മാത്രം ഇഷ്ടമായില്ല.

കവിത!

mayilppeeli said...

സമയോചിതമായ കവിത, നന്നായിട്ടുണ്ട്‌....ആശംസകള്‍

Mahi said...

തികച്ചും കാലിക പ്രാധാന്യമുള്ള കവിത

Rare Rose said...

വിഷാണുക്കള്‍ മനസ്സുകളിലൂടെ പടര്‍ന്നു പിടിച്ചങ്ങനെ....നന്നായിരിക്കുന്നു ഭൂമിപുത്രി...

നരിക്കുന്നൻ said...

ഈ പകർച്ചവ്യാധി നമ്മിലേക്ക് പടരാതിരിക്കട്ടേ..

മാംഗ്‌ said...
This comment has been removed by the author.
മാംഗ്‌ said...

നമ്മുടെ ചേച്ചിയല്ലെ അപ്പൊ അൽപം സ്വാതന്ത്രിയമൊക്കെ ആവാല്ലൊ എന്നു കരുതി ഇട്ട കമന്റാ വികടശ്ശിരോമണി ചേട്ടൻ ക്ഷമിച്ചുകള കവിതയൊക്കെ എനിക്കിഷ്ടപെട്ടു.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

“മൊഴിയുന്ന വാക്കിലും
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.“

ഇത് പലയിടത്തും (ബ്ലോഗിലും) കാണുന്നുണ്ട്..

ശക്തമായ വരികള്‍..
ആശംസകള്‍.

ശ്രീവല്ലഭന്‍. said...

സത്യം തന്നെ!

ഭൂമിപുത്രി said...

ലക്ഷ്മി-ആദ്യം തന്നെയെത്തി അഭിപ്രായമറിയിച്ചത് വല്ല്യ സന്തോഷായേ..

രൺജിത്ത്-അതെ,അതാൺ ഭയപ്പെടുത്തുന്നത്

മാംഗേ-തുറന്നുപറയാനെടുത്ത സ്വാതന്ത്ര്യത്തിൽ സന്തോഷമേയുള്ളുട്ടൊ.
എന്തുകൊണ്ടിഷ്ട്ടപ്പെട്ടില്ല എന്നും
വിശദീകരിച്ചല്ലൊ.അതാണെനിയ്ക്ക് വേണ്ടത്.

വികടാ-നിങ്ങളേയൊക്കെപ്പോലെയുള്ള നല്ല വായനക്കാരാൺ,എന്തെങ്കിലും എഴുതുമ്പോൾ ബ്ലോഗിലിടാൻ,അബോധത്തിലെങ്കിലും,ഒരു പ്രേരണയാകുന്നത്.

കാപ്പിലാൻ-സന്ദർശനത്തിൻ പ്രത്യേകം നന്ദി.കവിതയുടെ ഹൃദയം തൊട്ടതിനും

അനിൽ,കാന്താരീ,മയില്‍പ്പീലീ,മഹീ,റോസ്,നരിക്കുന്നൻ,
ശ്രീവല്ലഭൻ-കവിത ഇഷ്ട്ടപ്പെട്ടുവെന്നറിയിച്ചതിനു ഒരുപാട് സന്തോഷമുണ്ട്.


രാമചന്ദ്രൻ-ശരിയ്ക്കും! അക്ഷരം തെളിയുന്നയിടങ്ങളിലൊക്കെയും അണുപ്രസരണമുണ്ടാകാം-ബ്ലോഗുകളില്‍പ്പോലും!

പാമരൻ-സത്യം പറഞ്ഞാൽ തലക്കെട്ട് എനിയ്ക്കും ഇഷ്ട്ടമായില്ല.
ബെറ്റർ വൺ അലോചിച്ചിട്ടൊന്നും കിട്ടിയതുമില്ല.

‘അസഹ്യം’ എന്നാക്കിയാലോ?
എല്ലാരും കയ്യടിച്ച് പ്രമേയം പാസാക്കിത്തന്നാൽ മാറ്റിയേക്കാം.

അതുപോലെ,'Mutation' എന്ന വാക്കിന്റെ മലയാളം അന്വേഷിച്ചപ്പൊൾ കിട്ടിയത് (തുളസിയുടെ സഹായം)
‘ഉത്പരിവർത്തനം’എന്നതായിരുന്നു.
വായനക്കാരിലേയ്ക്കെത്താനെളുപ്പം വിചാരിച്ച്
അത് ‘പരിവർത്തന’മാക്കുകയായിരുന്നു.

വികടശിരോമണി said...

'അസഹ്യ’ത്തിന് എന്റെ കയ്യടിയില്ലെന്നു മാത്രമല്ല,വിയോജനമുണ്ടുതാനും.അതിലും നല്ല പേരല്ലേ പകർച്ചവ്യാധി?
(വൈയക്തികമായ അഭിപ്രായം മാത്രം)

Tomkid! said...

കടഞ്ഞെടുത്ത വാക്കുകളാല്‍ നെയ്തെടുത്ത കവിത!!!

(ഒരു ഡൌട്ട്: ഈ സൈഡില്‍ കാണുന്ന ബുക്ക് താങ്കളുടേതാ? എല്ലാം ഒന്നിനൊന്ന് മെച്ചം. ഇന്ദുലേഖയില്‍ പോയി റിവ്യൂ കണ്ടു. ഇഷ്ടപെട്ടു. വാങ്ങിക്കും.)

Rajeeve Chelanat said...

ഭൂമിപുത്രീ,

ഫ്രാന്‍സ് ഫാന്നന്‍ എന്ന അള്‍ജീരിയക്കാരന്റെ പ്രസിദ്ധമായ The Wretched of Earth- എന്ന പുസ്തകത്തിന് (നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ്, കൊളോണിയലിസത്തിനെക്കുറിച്ചും, ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയത്തെക്കുറിച്ചുമൊക്കെ വിശദമായ പഠനം ഉള്‍ക്കൊള്ളുന്ന പുസ്തകം) സാര്‍ത്രെ എഴുതിയ ആമുഖം തുടങ്ങുന്നതു തന്നെ, മറ്റൊരു രീതിയിലുള്ള ഒരു പകര്‍ച്ചവ്യാധിയുടെ ദര്‍ശനത്തോടെയാണ് എന്നു പറയാം. ലോകത്തിന്റെ ഒരു ഭാഗത്തുനിന്നും ഉയരുന്ന സ്വാതന്ത്ര്യ കാഹളത്തിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്ന് ഉണ്ടാകുന്ന പ്രതിദ്ധ്വനി, ആ ശബ്ദങ്ങള്‍ ലോകമൊട്ടുക്കും 'പുനര്‍ജ്ജനിച്ച്'' സഞ്ചരിക്കുന്നത്, അതൊക്കെയാണ് സാര്‍ത്ര് വിവരിക്കുന്നത്.

ഇടശ്ശേരിയുടെയും വൈലോപ്പിള്ളിയുടെയും കവിതകളിലും ഇത്തരം പകര്‍ച്ചവ്യാധികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. എന്‍.വി.കൃഷ്ണവാര്യരും വയലാറും സൂചിപ്പിച്ചതും ഈയൊരു അ'സുഖ'ത്തിനെത്തന്നെയാണ്. പുരോഗമന കലാ സാഹിത്യ പ്രസ്ഥാനങ്ങളെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കുന്നതും ഈയൊരു പകര്‍ച്ചവ്യാധിയാണ്,

മറുപക്ഷത്തും ഈ രോഗം പടരുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ. ആത്മീയലാവണത്തിലെത്തിയ പഴയ കുതിരകളുടെ പകര്‍ച്ചവ്യാധി കൂടുതല്‍ ശക്തമാണ്. മിക്കവാറും വ്യംഗ്യവും. ചിലര്‍ അതിനെ ഉത്തരാധുനിക ഭാഷകൊണ്ട് ഭംഗിയായി മധുരം പുരട്ട് വിളമ്പുന്നു. കപട സെക്യുലറിസത്തിന്റെയും മനുഷ്യവിരുദ്ധതയുടെയും വിഷമാണ് ഉള്ളില്‍ എന്നു മാത്രം.

അവക്കെതിരെ നില്‍ക്കുന്ന ചെറുത്തുനില്‍പ്പുകളാണ് കണ്ണിലെ കരടായും വായിലെ കയ്പുനീരായും, നെഞ്ചിലെ കനലായും, ഒടുവില്‍ വിരല്‍ത്തുമ്പിലെ അക്ഷരങ്ങളായി, കൈ ചൂണ്ടുന്നിടത്തുനിന്നൊക്കെ ചൊര തെറിപ്പിക്കുന്ന ദുര്‍മ്മന്ത്രവാദികളാക്കി നമ്മെ മാറ്റുന്നത്. ആ രക്തബീജങ്ങളെ നശിക്കാതെ സൂക്ഷിക്കാനും വരുംതലമുറകളിലേക്ക് പരകായപ്രവേശം ചെയ്യിക്കാനും നമുക്ക് കഴിയണം.

കവിതകളിലും വീക്ഷണങ്ങളിലും ‘അരോഗ‘മായ ഒരു തരം പകര്‍ച്ചവ്യാധി താങ്കള്‍ നിലനിര്‍ത്തുന്നു എന്നു കാണുന്നതിലും സന്തോഷം.

അഭിവാദ്യങ്ങളോ‍ടെ

G. Nisikanth (നിശി) said...

“അന്തരീക്ഷത്തിൽ പറന്നു നടക്കുന്ന രക്ത ബീജങ്ങൾ...”

കൊള്ളാം, കൊള്ളാം!

ആവഴിപോകല്ലേ
അവിടേക്കുനോക്കല്ലേ
നിന്നെ പ്രാപിക്കാൻ അവ
നീരവം പതിയിരിപ്പൂ
നിന്നിലേക്കു പടരാൻ
ഊഴവും കാത്തിരിപ്പൂ
നീയും ഞാനുമതിന്റെയിരകൾ!
നമ്മൾക്കു നാമേ തുണ!!!

ആശംസകൾ...

ചീര I Cheera said...

നന്നായിരിയ്ക്കുണൂലോ..

(ഇവിടെ എത്തിപ്പെടാന്‍ വല്ലാതെ വൈകിപ്പോയോ‍ാ‍ാ‍ാ‍ാന്നൊരു സംശയം!)

മേരിക്കുട്ടി(Marykutty) said...

ഭൂമിപുത്രി..ആദ്യം വായിച്ചിട്ട് മനസ്സിലായില്ല..വീണ്ടും വായിച്ചു :)
നന്നായിരിക്കുന്നു കവിത..

P R Reghunath said...

Good poem

Unknown said...

പകർച്ചവ്യാധി ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുന്നു.
അതൊരു രോഗമാണ്.പക്ഷെ മതത്തിന്റെ പേരിൽ നിറത്തിന്റെ പെരിൽ പടരുന്ന വ്യവസ്ഥിതിയെ എന്തു പേരിട്ടാണ് വിളിക്കുക
എന്തായാലും നല്ല വിഷയം തന്നെ

amantowalkwith@gmail.com said...

ശരിയാണ് .. വ്യാധി യാണ് എല്ലാവരിലേക്കും പകരുമോ ?
ഉന്മാദം പകരുമോ ..?
നല്ല പോസ്റ്റ്

ഭൂമിപുത്രി said...

പേരു മാറ്റുന്നില്ല വികടാ,ആദ്യം
തോന്നീതങ്ങിനെതന്നെ കിടക്കെട്ടെ,അല്ലെ?

ടോം-സന്തോഷിപ്പിയ്ക്കുന്ന ഈ വാക്കുകൾക്ക് നന്ദിയുണ്ട്ട്ടൊ.അതെ,എന്റെ ബുക്ക് തന്നെ.
‘റയിൻബോ’ബാക്കിയുള്ള ഏതാനും കോപ്പികൾ ‘ഇന്ദുലേഖ’യ്ക്ക് കൊടുക്കാമെന്ന് പറഞ്ഞിരുന്നു.

രാജീവ്-‘മറ്റൊരു രീതിയിലുള്ള ഒരു പകർച്ചവ്യാധി’!
കവിതയുടെ നേരെ എതിർവശത്തുനിന്നുള്ള ഈ വായനയും ഒപ്പം എഴുതിയ വിവരങ്ങളും
എനിയ്ക്ക് വളരെ വിലപ്പെട്ടതാൺ
ഇങ്ങിനെ ഞാനറിയാത്ത മാനങ്ങളിലേയ്ക്ക് കൂടി കവിതയെ വളർത്തിയതിൻ ഒരുപാടൊരുപാട്നന്ദി!

ചെറിയനാടൻ-ഒരു കൊച്ചുകവിതയിലൂടെയുള്ള ആസ്വാദനം രസകരമായീട്ടൊ

മേരിക്കുട്ടീ-രണ്ടാമതും വായിയ്ക്കാനുള്ള ക്ഷമയും സമയവുമുണ്ടാക്കിയതിൻ
പ്രത്യേക സന്തോഷം എടുത്തുപറയട്ടെ

പി.ആർ-ബെറ്റർ ലേറ്റ് ദാൻ നെവർ എന്നല്ലേ?
അഭിപ്രായത്തിൻ സന്തോഷം.

നിഷ്ക്കളങ്കൻ,അനൂപ്,amantowalkwith-വായനയ്ക്കും അഭിപ്രായങ്ങൾക്കും
വളരെ സന്തോഷമുണ്ട്ട്ടൊ.

ഒരു കാഥിക said...

പകര്‍ച്ചവ്യാധിയോട്‌ വിയോജിപ്പില്ല. എങ്കിലും കവിത വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു എന്തോ ഒരു അസുഖം. അതാ ഒരു മറുപടിയിടാന്‍ രണ്ടാഴ്ച താമസിച്ചതു.. ഇതു ചേച്ചി മുന്‍പെഴുതിയതെന്തു വച്ചു നോക്കിയാലും ഒന്നു ചേര്‍ന്നുപോകുന്നില്ല. നല്ല കവിയുടെ കഴിവായിരിക്കാം ... ഒരു പക്ഷെ സച്ചിതാനന്ദനെ പോലെ ..കവിതയുടെ ഘടനക്കും, വാക്കുകള്‍ക്കും , പ്രാസത്തിനും എല്ലാം ഒരു വിറയലോടെ അഭിനന്ദങ്ങള്‍..

Sureshkumar Punjhayil said...

Manoharam.. BHavukangal...!!!

Unknown said...

ഇന്നാ‍ദ്യമായാണ് ഈ ബ്ലോഗിലേക്ക് വന്നത്.
നന്നായിരിക്കുന്നു.
വീണ്ടും വീണ്ടും
പുർജ്ജന്മം നേടുക

പൂജ്യം സായൂജ്യം said...

ഉള്ളിലുള്ള പേടി കൂട്ടുന്ന വരികള്‍
ഭയങ്കരം

Sriletha Pillai said...

വളരെ വളരെ നന്നായിരിക്കുന്നു.

ഭൂമിപുത്രി said...

കാഥികേ-വിശദമായ അഭിപ്രായത്തിനൊരു പാട് സന്തോഷംട്ടൊ.
ആ ‘വിറയലി’ന് പ്രത്യേക നന്ദി
പൂജ്യം സായൂജ്യം-പേടിപ്പിയ്ക്കണമെന്ന് വിചാരിച്ചില്ല,പക്ഷെ പേടിയ്ക്കാതിരിയ്ക്കാനും വയ്യല്ലൊ
സുരേഷ്,സിജി,തൂലികാ,മൈത്രെയീ-സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും
വളരെ സന്തോഷം.

Sureshkumar Punjhayil said...
This comment has been removed by the author.