Tuesday, October 14, 2008

ഉച്ചാടനം

എഴുതപ്പെടുന്നവ,
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ

എഴുതപ്പെടാത്തവയിലപകടങ്ങളേറെ!

കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ

അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാ‍ലതയിലെയ്ക്ക്
വളർത്തുകയോ ആകാം

അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്

----------------------37 comments:

ഭൂമിപുത്രി said...

ഒരലപ്പം പഴയ കവിത

വികടശിരോമണി said...

ഉച്ചാടനം കഴിഞ്ഞാലും അക്ഷരപ്പാത്രം ശൂന്യമാകാതിരിക്കട്ടെ!
നല്ല ക്രാഫ്റ്റ്..(അവസാനവരി ആവർത്തിക്കലെന്ന ക്ലിഷേയൊഴിച്ചാൽ)
ആശംസകൾ..
അക്ഷരപ്പിശാചുക്കളെ ഉച്ചാടനം ചെയ്യുമല്ലോ...

lakshmy said...

അർത്ഥവത്തായ വരികൾ. ഇഷ്ടമായി

ശ്രീവല്ലഭന്‍. said...

:-)

ഭൂമിപുത്രി said...

വികടശിരോമണിയത് പറഞ്ഞപ്പോഴാൺ അതൊരു ക്ലിഷേയാണല്ലോയെന്ന് ബോധം
എനിയ്ക്ക് വന്നത്.സന്തോഷായിട്ടൊ.
(ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ടാന്നല്ലേ?
:) )
ഇതാ അവസാനവരിയെ ഉച്ചാടനം ചെയ്യുന്നു.
ഒരു കല്ലെടുത്ത് കയ്യിൽത്തന്നതിനു ഒരിയ്ക്കൽക്കൂടി വന്ദി.
ലക്ഷ്മി,ശ്രീവല്ലഭാ-സന്ദർശനത്തിൻ സന്തോഷം

വിദുരര്‍ said...

പഴതാവാം. പുതുമയുണ്ടിതിന്‌

വരവൂരാൻ said...

നല്ല കവിത

ഗുപ്തന്‍ said...

തകര്‍ത്തു !

smitha adharsh said...

നന്നായി ചിന്തിപ്പിച്ചല്ലോ..
ഇഷ്ടപ്പെട്ടു.

ശിവ said...

അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം....തികച്ചും സത്യം....ഇപ്പോള്‍ ഞാനും ചെയ്യുന്നത് ഇതൊക്കെ തന്നെ....

ഗോപക്‌ യു ആര്‍ said...

:).....

കാന്താരിക്കുട്ടി said...

അരൂപികളായൊഴുകിവന്ന്
ബുദ്ധിയില്‍ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്

വളരെ നല്ല വരികള്‍..പഴയതാണെങ്കിലും പുതുമയുള്ള വരികള്‍

അനില്‍@ബ്ലോഗ് said...

നന്നായിരിക്കുന്നു.

ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഉച്ചാടനം മനോഹരമായി

Mahi said...

സര്‍ഗത്മക ക്രിയയുടെ പരിധിയും പരിധിയില്ലായ്മയും ഈ കവിതയില്‍ പ്രശ്നവത്കരിക്കപ്പെടുന്നു.നന്നായിട്ടുണ്ട്‌

വേണു venu said...

തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണു്.!
പഴയ കവിതയിലേയും ആശയങ്ങള്‍ പുതുമ നഷ്ടപ്പെടാത്തത് തന്നെ...

മുസാഫിര്‍ said...

അക്ഷരങ്ങള്‍ക്ക് ജീവന്‍ വെച്ചാല്‍...
ഇഷ്ടമായി, കവിത

മായ said...

നല്ല കവിത.
അഭിനന്ദനങ്ങള്‍!

Rajeeve Chelanat said...

നേരെ തിരിച്ചാണ് ‘സംഘ‘മനസ്സ് പ്രവര്‍ത്തിക്കുന്നത്. എഴുതപ്പെടുന്നവയിലാണ് അവര്‍ നാനാര്‍ത്ഥവും അനര്‍ത്ഥവും കാണുന്നത്. അതിനെതിരെയാണ് ജാഗ്രത വേണ്ടത്. അഥവാ, ഇന്നുള്ള ജാഗ്രതയെ കൂടുതല്‍ കാത്തുസൂക്ഷിക്കേണ്ടത്.

ധാരാളം ധ്വനികളുള്ള കവിത.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

വിദുരർ,വരവൂരാൻ,ഗുപ്തൻ,സ്മിത,ഗോപക്,കാന്താരിക്കുട്ടീ,അനിൽ,പ്രിയ ഉണ്ണി,വേണൂ,മുസാഫിർ,മായ-
ഇവിടെവന്ന് കവിത വായിച്ച് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം കേട്ടൊ.

ശിവ- കവിത വായനയിൽ അതങ്ങ് പ്രയോഗിച്ചു അല്ലെ? സ്മാർട്ട്! :)

മഹി-അതൊരു വ്യതസ്ഥമായ വായനയായിരുന്നല്ലൊ,വളരെ നന്ദി

രാജീവ്-Collective consciousness നുള്ള പരിതാപകരമായ മൊഴിമാറ്റമാണതു.
വിശാലമായ ഒരർത്ഥം വരണമെന്നുണ്ടായിരുന്നതുകൊണ്ട് ‘സംഘംമനസ്സ്’എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും,വേറൊന്നും കിട്ടിയില്ല.
ധ്വനികൾ കണ്ടെത്തിയ നല്ല വായന്യ്ക്ക് നന്ദി.

amantowalkwith said...

nalla ,intelligent post..congrats

മേരിക്കുട്ടി(Marykutty) said...

ഭൂമിപുത്രി, നല്ല കവിത. ഒരു കാര്യം ചോദിച്ചോട്ടെ, ഇതിന് വൃത്തം ഉണ്ടോ? ഒരു കവിത വൃത്തം ഒപ്പിച്ചാണോ അല്ലയോ എന്ന് എങ്ങനെ(സാധാരണക്കാരന്‍) തിരിച്ചറിയും?

ഭൂമിപുത്രി said...

amantotalkwith,മേരിക്കുട്ടീ-നല്ല അഭിപ്രായത്തിൻ നന്ദി.

മേരിക്കുട്ടീ,എന്റെ പരിമിതമായ അറിവ് വെച്ച് പറയാം.ഇതൊരു ഗദ്യകവിതയാൺ എന്ന് മനസ്സിലാക്കാൻ മേരിക്കുട്ടിയ്ക്ക് പറ്റീല്ലൊ,അല്ലെ?
ഇവിടെയൊരു പ്രത്യേക താളം മാത്രമെ പിന്തുടരുന്നുള്ളു.
വൃത്തകവിത സംഗീതാത്മകമായിരിയ്ക്കും.
ഈണത്തിൽച്ചൊല്ലാനാകും.ഇതിനു തൊട്ട്മുൻപ് ഞാൻ പോസ്റ്റ് ചെയ്തിട്ടുള്ള ‘നൃത്തം’എന്ന കവിതയൊന്ന് നോക്കു.
പേർഫെക്റ്റ് വൃത്തമല്ലെങ്കിലും ഈണത്തിൽ ചൊല്ലാനാകും.

ഒരു കാഥിക said...
This comment has been removed by the author.
ഒരു കാഥിക said...

വളരെ സുന്ദരമായ കവിത. എല്ലാം വായിക്കറുണ്ടെങ്ങിലും ഒരു അഭിപ്രായം എഴുതിയിട്ടില്ല..ഇതു വരെ. അഭിനന്ദനങ്ങള്‍.

എല്ലാവര്‍ക്കും അവരവരുടെ പരിധിയറിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാവുമൊ ? നേരത്തെ സൂചിപ്പിച്ച പോലെ Collective Consciousness തന്നെയാണോ ഈ സംഘമനസ്സ്‌ ? Peer Pressure പോലെയാണെന്നിക്ക്‌ തൊന്നിയത്‌? അവസാന വരികള്‍ ചെറുതായൊന്നു മനസ്സിന്റെ ഭാരം കൂട്ടാതില്ല

കുമാരന്‍ said...

ഇഷ്ടപ്പെട്ടു

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു.വളരെ തീക്ഷണമായിരിക്കുന്നു വരികള്

ചെറിയനാടൻ‌ said...

"നിന്റെ മനസ്സ് ആർക്കും
വായിക്കാൻ കഴിയാത്ത പുസ്തകം
നിന്നിലെ വിചാരങ്ങൾ
നിനക്കു മാത്രം സ്വന്തം
നിന്റെ ഗന്ധവും രൂപവും മറ്റാർക്കുമന്യം
നീയെന്നും നീയായിരിക്കും"

നല്ല ആശയം, വരികളും....

ആശംസകൾ......

ഭൂമിപുത്രി said...

കാഥികേ,Peer Pressure എന്നാൺ വായിച്ചതെങ്കിൽ അതും ശരിയാകും...കവിത ഇനി വായനക്കാരുടേതല്ലേ?

കുമാരൻ,അനൂപ്,ചെറിയനാടൻ- ആസ്വാദനത്തിനു സന്തോഷം കേട്ടൊ
ചെറിയനാടൻ എഴുതിയ വരികൾ സ്വന്തമാകും,അല്ലേ?

P.R said...

ഇപ്പറഞ്ഞ പോലെ “സംഘമനസ്സ്“ എന്നത് കണ്ണില്‍ അല്ലെങ്കില്‍ ബോധത്തില്‍ ആദ്യം തടഞ്ഞു.
കമന്റുകള്‍ വായിച്ചപ്പോ സന്തോഷവുമായി.. :)
ശ്രദ്ധിച്ച് വായിയ്ക്കാന്‍ പറ്റിത്തുടങ്ങിയോ എന്ന ഒരു കടുകുമണിയോള പോന്ന ഒരു തോ‍ന്നലിന്റെ സന്തോഷം.
:)

P.R said...

ഭൂമിപുത്രീ, ഒരൊറ്റ ഓഫ്ടോപിക്..
താഴെ “അജ്ഞാത” എന്ന് മാത്രായാല്‍ ഒരു അപൂര്‍ണ്ണത വരില്യേ ന്നൊരു ചെറിയ സംശയം.
:)

ഭൂമിപുത്രി said...

ഇവിടെയെത്തിയതിൽ വളരെ സന്തോഷം പിആർ.
‘അജ്ഞാത’ എന്ന വാക്ക് എവിടെയാണെന്ന് മനസ്സിലായില്ലല്ലൊ.ഒന്നുകൂടി വിശദമാക്കാമോ?

ഹന്‍ല്ലലത്ത് said...

പഴയതെങ്കിലും പുതുമയുള്ള വരികള്‍...........
തുടരുക

P.R said...

കമന്റ് ബോക്സിനു താഴെ അനോണിമസ് ഓപ്ഷനാണല്ലോ “അജ്ഞാത” എന്നു കൊടുത്തിരിയ്കുന്നത്, അതു കണ്ടപ്പോള്‍ തോന്നീതാ..
കോമ്പ്ലിക്കേഷനായോ?
(ചുമ്മാ..)

ഭൂമിപുത്രി said...

ഹൻല്ലലത്,കവിത ഇഷ്ട്ടമായെന്നരിയിച്ചതിൽ സന്തോഷം.
അയ്യോ പിയാറെ,അത് ബ്ലോഗ് മലയാളം വേർഷനാക്കുമ്പോൾ തനിയെ വരുന്നതാൺ ട്ടൊ.
ഓരൊരുത്തരും സ്വന്തം ഐഡിയിൽക്കേറുമ്പോൾ
‘ൻ’ചേർന്നോ ചേരാതെയോ കാണുന്നുണ്ടാകണം എന്നാണെന്റെ വിചാരം.അതോ ആണുങ്ങൾക്കും ‘അജ്ഞാത’എന്ന് തന്നെയാണോ കാണപ്പെടുന്നത്?

സിജി said...

Dhaaraalam thalangalileekku vaayikkappedenda kavitha..

ഭൂമിപുത്രി said...

എന്നു തോന്നിയെങ്കിൽ സന്തോഷം സിജി