Friday, August 22, 2008

നൃത്തം

പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..

എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ

ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ

താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ

കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ

മായപോൽ മാറാലന്നൂൽ‍പ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ

ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ

തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ

മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.

26 comments:

ഭൂമിപുത്രി said...

ശ്രീവല്ലഭന്റെ താളബദ്ധമായ കവിതകണ്ടപ്പോൾ,അങ്ങിനെയൊരെണ്ണമെഴുതാൻ കൊതി!
തൽക്കാൽമൊന്നും തോന്നാത്തതുകൊണ്ട്,പഴയൊരു കവിത പോസ്റ്റ്ചെയ്യുന്നു.
ഇപ്പോൾ വായിച്ച് നോക്കുമ്പോൾ ധാരാളം പോരായ്കകൾ തോന്നുന്നുണ്ടെങ്കിലും,
തിരുത്തലുകളൊന്നും ചെയ്യേണ്ടെന്ന് തോന്നി

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഞാന്‍ ആദ്യമായാണിതു വായിക്കുന്നത്‌. നല്ല കവിത. (പോരായ്മയൊന്നും തോന്നിയില്ല)

Shooting star - ഷിഹാബ് said...

നന്നായിട്ടുണ്ട്

ശ്രീ said...

നന്നായിട്ടുണ്ട് ചേച്ചീ... നല്ല താളം.
:)

ഉപാസന || Upasana said...

Very Very much liked.
really.
i am unable to copy paste some good lines which i liked here in this comment box.
:-)
Upasana

കാന്താരിക്കുട്ടി said...

ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ


നല്ല വരികള്‍ ഭൂമിപുത്രീ..പോരായ്മ ഒന്നും എനിക്കും തോന്നിയില്ല.

Rare Rose said...

ആഹാ...,ഈ ചിലങ്കയണിഞ്ഞ ചടുലമായ നൃത്ത ചുവടുകള്‍ എന്നെയെങ്ങോട്ടോ കൊണ്ടു പോയി...:)

ശ്രീവല്ലഭന്‍. said...

കവിത ഇഷ്ടപ്പെട്ടു. എല്ലാം വളരെ നല്ല വരികള്‍......:-)

ഓ.ടോ: എനിക്ക് താളത്തില്‍ എഴുതാനെ അറിയൂ....:-)

അനില്‍@ബ്ലോഗ് said...

കവിതകളാസ്വദിക്കാനുള്ള ശേഷി പോരാ, എങ്കിലും ഇഷ്ടപ്പെട്ടു.

ചിലവരികള്‍ അല്‍പ്പം നീണ്ടുപോയോ എന്നു സംശയം. പിന്നെ ചില്ലറ അക്ഷരപ്പിശാചുക്കളും.
വീണ്ടും വരാം.

പാമരന്‍ said...

ഒന്നു ചൊല്ലിക്കേട്ടിരുന്നെങ്കില്‍...

ഹരിത് said...

ഇഷ്ടമായി.

ഭൂമിപുത്രി said...

ഇവിടെ വന്ന് കവിതവായിച്ച് അഭിപ്രായമെഴുതിയ എല്ലാവർക്കും നമസ്ക്കാരം!
ജിതേന്ദ്ര,കാന്താരിക്കുട്ടി, ആ ‘റിഅഷ്വറൻസി‘നു നന്ദി

ഉപാസനേ,കോപ്പി&പേസ്റ്റ് ചെയ്യാനുള്ള ഓപ്ഷൻ ഡിസേബിൾ ചെയ്തിരുന്നു,മുൻപ്.
അതിൽ വല്ല്യ കാര്യമൊന്നുമില്ലാന്ന് മനസിലായി,കമന്റ് പേജിൽ പോയാൽ മതിയല്ലൊ.
പക്ഷെ,അതിപ്പോൾ എനേബിൾ ചെയ്യുന്ന സൂത്രം മറന്നും പോയി.

ശ്രീവല്ലഭാ,താളം-അതൊരു രസമല്ലേ,എഴുതിയാലും ചൊല്ലിയാലും.

അനിൽ,ഒന്നുകൂടിപ്പരീശോധിച്ച് ചില അക്ഷരപ്പിശാചുക്കളെ അറസ്റ്റ്ചെയ്തിട്ടുണ്ട്ട്ടൊ

അദ്ദന്നെ പാമരാ,ആരെങ്കിലും..

ശ്രീ,ഷൂട്ടിങ്ങ്സ്റ്റാർ,റോസ്,ഹരിത്- ആസ്വാദനങ്ങൾക്ക് വളരെ സന്തോഷം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്നായിട്ടുണ്ട്...

S.V.Ramanunni said...

കവിത കൊള്ളാം...ഭൂമിപുത്രി
ചെറുതാക്കാമായിരുന്നു, ഒന്നുകൂടി...
പാതി മയക്കമായ്
പാതി വെളിച്ചമായ്....
എന്നൊക്കെ മതി....പാതീ/പാതീ....എന്നു വേണ്ട

ഭൂമിപുത്രി said...

കിച്ചു-ചിന്നു :)
രാമനുണ്ണിമാഷേ,സന്ദർശനത്തിനു വളരെ സന്തോഷം.
ചൊല്ലിനോക്കിയപ്പോൾ നീട്ടണമെന്ന് തോന്നിയതുകൊണ്ടാൺ കെട്ടുവള്ളിയിട്ടത്..
തെറ്റ്ചൂണ്ടിക്കാണിച്ചതിൻ പ്രത്യേകം നന്ദി.

RaFeeQ said...

നന്നായിട്ടുണ്ട്.. നല്ല താള മുള്ള വരികള്‍..
ഇഷ്ടമായി

അത്ക്കന്‍ said...

താള നിബിഡമായ കവിത.അതില്‍ നൃത്തങ്ങള്‍ക്ക് ഒട്ടേറേ വര്‍ണ്ണങ്ങളും.

സുമയ്യ said...

തരക്കേടില്ലാതെ എഴുതിയിട്ടുണ്ടല്ലോ...?,
ഞാനൊരു തുടക്കക്കാരിയാണ് ബൂലോഗത്ത് ഇടയ്ക്ക് ശ്രദ്ധ അങ്ങോട്ടും തിരിയുമെന്ന് പ്രതീക്ഷിക്കട്ടെ..

നഗ്നന്‍ said...

കവിതയ്ക്ക്‌ കെട്ടിയ ചിലങ്കള്‍
നന്നായിട്ടുണ്ട്‌. കവിതയും.

സമയം കിട്ടുമെങ്കില്‍ എന്റെ ചിലങ്കകളില്ലാത്ത കവിതകള്‍ക്കുമേലും ഒരു കണ്ണു കൊടുക്കൂ.......

www.nagnan.blogspot.com

ഭൂമിപുത്രി said...

റഫീക്ക്,അത്ക്കൻ,സുമയ്യ,നഗ്നൻ-സന്ദർശനത്തിനും അഭിപ്രായമറിയിച്ചതിനും വളരെ സന്തോഷം കേട്ടൊ.

മാംഗ്‌ said...

ഹെന്റെ അമ്മെ ഇതെപ്പൊ പോസ്റ്റ്‌ ചെയ്തു.............. ആഗ്രി കാണിച്ചില്ലെന്നു തോന്നുന്നു
വൃത്തം, അലങ്കാരം, പ്രാസം, വ്യാകരണ ശുദ്ധി,യുള്ള നല്ല കവിതകൾ ബ്ലോഗിൽ അപൂർവ്വമാണു ഇതിനെ ക്കുറിച്ഛ്‌ ശരിക്കും. എത്ര അഭിനന്ദിച്ചാലും മതിവരില്ല ബ്ലോഗിലെ മഹാകവികൾ ഇതു കാണണം. എന്തു കൊപ്രായവും കാട്ടി കൂട്ടി അതു ഗദ്യ കവിതയാണെന്നു വാദിക്കുന്നവർ ഇതു വായിക്കണം.ഇതുപൊലൊരു കവിതയ്കു കമന്റു കുറവല്ലേ?സാരമില്ല പ്രബുദ്ധകേരളത്തിലെ ബ്ലോഗർമാർക്കു അത്രക്കുള്ള നിലവാരമൊക്കെ ഉള്ളു എന്നു സമാധാനിക്കാം. ഒന്നു കൂടി ഒരു ലിങ്ക്‌ പോസ്റ്റു ആഗ്രി ഇതുകാണിച്ചില്ല.

ഭൂമിപുത്രി said...

മാംഗ്,ഹൃദയംതുറന്നുള്ള ആസ്വാദനത്തിനു വളരെ നന്ദി.ഞാൻ ആദ്യം എഴുതിയിരുന്നതുപോലെ. ശ്രീവല്ലഭന്റെ ഈക്കവിതയ്ക്ക് കിട്ടിയ അഭിപ്രായങ്ങൾ വായിച്ചപ്പോഴാൺ മനസ്സിലായത്,സംഗീതാത്മകത കവിതയിൽ എത്രത്തോളം ഇപ്പോഴും
ആസ്വദിയ്ക്കപ്പെടുന്നുണ്ടെന്ന്.
ആ ശീലം ഞാൻ കൈവിട്ടല്ലോയെന്ന വിഷമവും അപ്പോഴാൺ തോന്നിയത്.
കവിത കവിതയായിത്തന്നെ നിൽക്കണം,സംഗീതംകൊണ്ടുവന്ന് അതിൽ വെള്ളം ചേർക്കരുത് എന്നൊരഭിപ്രായമുണ്ടല്ലൊ.ഒരു തരത്തിൽ അത്
ശരിയുമാൺ.എങ്കിലും,രണ്ടും കൂടീച്ചേരുമ്പോഴുള്ള അനുഭുതി ഒന്ന് പ്രത്യേകമാണെന്ന് ചില കവിതാലാപനങ്ങളും,പാട്ടുകളുമൊക്കെ കേൾക്കുമ്പോൾ ബോദ്ധ്യമാകും.

ഈ പോസ്റ്റ് ആഗ്രിഗേറ്ററിൽ വന്നിരുന്നു കേട്ടൊ.

ഹന്‍ല്ലലത്ത് said...

നന്നായിട്ടുണ്ട്...
ചില്ലക്ഷരങ്ങള്‍ കാണുന്നില്ലല്ലോ...?!!

ഭൂമിപുത്രി said...

ഇവിടെ വന്നതിൽ സന്തോഷം ഹൻല്ലലത്തു.
ചില്ലക്ഷരങ്ങൾ ചതുരക്കട്ടകളായാണോ കാണുന്നത്?എങ്കിൽ ഇതാ ഇവിടെയൊന്നുപോയി
നോക്കു

രണ്‍ജിത് ചെമ്മാട്. said...

ഇപ്പോഴാണ് കണ്ടത്!
സര്‍‌വ്വാംഗ സുന്ദരിയായിളെന്മുന്നിലാടിത്തിമിര്‍ക്കുന്നു......
എല്ലാ ഭാവങ്ങളും ഒത്തുചേര്‍ന്നിരിക്കുന്നു....
"ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ"

ഈ വരികളേറെയിഷ്ടമായി...

ഭൂമിപുത്രി said...

രൺജിത്ത്,ഈ നല്ല വായന്യ്ക്ക് ഏറെ സന്തോഷമുണ്ട് ട്ടൊ