Monday, April 07, 2008

ചതുരംഗം

കരിനീലവസ്ത്രം
ഭീമാകാരം
ആപാദചൂഢമാവൃത-
മപ്പുറം
കരുനീക്കും വിരല്‍ത്തുമ്പു
പോലുമദൃശ്യം
ഏതോമായാഭ്രമത്തില്‍ക്കു-
രുങ്ങിയീക്കളിപ്പലക-
തന്നിപ്പുറം-
വിവശം വ്യഥിതം
വിട്ടുപോകുവാന്‍ വയ്യ!

സ്ഥലം കാലം
പദം സ്വപ്നം
പിന്നെയൊട്ടേറെ-
ക്കാലാള്‍ജന്മങ്ങ-
ളാലീച്ചതുരംഗം.

... ഇനിയുമൊരു കരു നീങ്ങുന്നു,
ഇരുള്‍പ്പുരികമൊ-
ന്നുയറ്ത്തി വെല്ലും പോ-
ലാരോ ഹസിയ്ക്കുന്നു.
എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി...

കളിനിറ്ത്തി-
യകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം-
പതറുംചിന്ത...

"കഴിഞ്ഞതവണയു-
മിതുചൊല്ലിത്തോ-
റ്റമ്പിയതല്ലേ?"
ഹാസ്യം
തലയറഞ്ഞ-
ട്ടഹാസം.

26 comments:

ഭൂമിപുത്രി said...

ഗുപ്തന്റെ പ്രൊഫൈലിലെ പടം കാണുമ്പോളൊക്കെ ഈ കവിത ഓറ്മ്മവരും.:)
6-7കൊല്ലം മുന്‍പ് ‘മലയാളം വാരിക’യില്‍ പ്രസിദ്ധീകരിച്ചതാണ്
(പുസ്തകം തപ്പിയെടുക്കാന്‍ മടിയായതുകൊണ്ട്,ഡേറ്റ് പിന്നെയിടാമെന്നു വെച്ചു)

Sanal Kumar Sasidharan said...

നല്ല കവിത

Anonymous said...

എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി...




പകരം എനിക്കു പകരൂ....എനിക്കാ വിബ്രാന്തി

ഗുപ്തന്‍ said...

കവിത നന്നായി..


എന്റെ ശിരോവസ്ത്രത്തിനുകീഴില്‍ കളിച്ചുതോറ്റവന്റെ വിവശതകള്‍ മാത്രമേയുള്ളൂ.... :)

യാരിദ്‌|~|Yarid said...

കബിത..:(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം

സഞ്ചാരി @ സഞ്ചാരി said...

നിരാശനാകില്ലൊരുനാളും
മെന്നന്തരംഗം തുടിക്കുന്നു
നിരന്തരം പ്രത്യാശയാം
ജീവജോതിസ്സിലേക്ക്

അങ്ങനെ ഞാനും ജീവിതത്തില്‍ ആദ്യമായി ഒരു നാലുവരി കവിത (?) എഴുതി. ഭൂമിപുത്രി നിങ്ങളെന്നെ കവിയാക്കി :)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍!

Unknown said...

എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി
കോള്ളാ മനുഷ്യ ജീവിതത്തിന്റെ കയറ്റിറക്കങ്ങളാണു ഈ കവിതയില്‍ ദര്‍ശിക്കാന്‍ കഴിയുക.

ശ്രീവല്ലഭന്‍. said...

വളരെ ഇഷ്ടപ്പെട്ടു കവിത :-)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കരു നീക്കാതെ രക്ഷയില്ലല്ലോ

നജൂസ്‌ said...

നന്നായിരിക്കുന്നു.

ജ്യോനവന്‍ said...

നല്ല കവിത.
"വിവശം വ്യഥിതം
വിട്ടുപോകുവാന്‍ വയ്യ!"

ശ്രീ said...

നല്ല വരികള്‍!
:)

ഗിരീഷ്‌ എ എസ്‌ said...

നല്ല വരികള്‍...
കരുനീക്കങ്ങളില്‍
കാലിടറാതെ നില്‍ക്കാന്‍ കഴിയുമ്പോഴാണ്‌..
ജീവിതം ശ്രേഷ്ഠമാവുന്നതെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു...

ആശംസകള്‍

ഭൂമിപുത്രി said...

കവിതവായിച്ച് കയ്യടിച്ചും അടിയ്ക്കാതെയും പ്രോത്സാഹിപ്പിച്ച

സനാതനന്‍

പയ്യന്‍സ് (വീഭ്രാന്തി പകരാനൊന്നുമില്ല മാഷെ,അതു തനിയെ വന്നോളും)

ഗുപ്തന്‍ (ആപ്പറഞ്ഞതു വായിച്ചപ്പോളെനിയ്ക്കൊരു സങ്കടം!)

യാരിദ് (അതറബിയാ?)

പ്രിയ

സഞ്ചാരി(അത്ര വല്ല്യ പാതക്കിയാണോ എന്നെ?)

വാത്മീകീ

അനൂപ്(പല ജന്മങ്ങളുടെയും..)

ശ്രീവല്ലഭന്‍

വഴിപോക്കന്‍(അതല്ലെ എണിറ്റ് തടിതപ്പാന്‍ നോക്കിയെ)


നജൂസ്

ശ്രീ

ജ്യോനവന്‍

ദ്രൌപദി (എങ്കില്‍ നന്നായി)

എന്നിവറ്ക്കൊക്കെ നന്ദി! നമസ്ക്കാരം!

ഗീത said...

ജീവിതചതുരംഗവുമിതുപോലെ....
പക്ഷേ പഴയതുപേക്ഷിച്ച് പുതിയൊരു കളി തുടങ്ങാനാവില്ലവിടെ....

ചിതല്‍ said...

കളിനിറ്ത്തിയകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാലടുത്ത കളിയിനിയും
നന്നാക്കാം
പതറുംചിന്ത...

എന്റെയും ചിന്ത ഇത് പോലെ പതറിയേത് തന്നെയാണ്.. പക്ഷേ നന്നാക്കന്‍ മാത്രം പറ്റുന്നില്ല..

Latheesh Mohan said...

കളിനിറ്ത്തി-
യകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം

അതിനി നന്നാവില്ല, ഐ ബെറ്റ് :)

കവിത നന്ന്.
(ഡിപ്രഷന് ചികിത്സ കിട്ടിയിട്ടുണ്ട് എനിക്ക്)

ഹരിശ്രീ said...

ഭൂമിപുത്രി ,



കൊള്ളാം...നല്ല കവിത.... :)

Sandeep PM said...

മനുഷ്യജീവിതത്തിന്റെ സകലവ്യഥകളെയും ചതുരംഗമെന്ന ഒറ്റ ബിംബത്തില്‍ വരച്ച്‌ കാട്ടാന്‍ പറ്റില്ലയെന്നിരിക്കിലും, നിനച്ചിരിക്കാതെ വന്നുപെടുന്ന ശ്വാസംമുട്ടലുകളെ ഭംഗിയായ്‌ വരച്ച്‌ കാണിച്ചിരിക്കുന്നു കവയത്രി.

അപ്പുറത്തിരിക്കുന്ന എതിരാളി നാം തന്നെയാവാം നമ്മുടെ അജ്ഞത തന്നെയാവാം.തന്നോട്‌ തന്നെയുള്ള വെട്ടലുകളും ഒഴിയലുകളും കഴിഞ്ഞ്‌ എത്രയെത്ര കാലാള്‍പ്പടകള്‍ വീണൊടുങ്ങിയ പടനിലങ്ങളിലൂടെയാണ്‌ നാം സഞ്ചരിക്കുന്നത്‌.

കളി തീരുന്നില്ല,തീരുകയുമില്ല.
“Your battles inspired me - not the obvious material battles but those that were fought and won behind your forehead.”

-James Joyce

ഭൂമിപുത്രി said...

അടുത്ത തവണ കിട്ടുന്ന ജീവിതത്തിനെപറ്റിയാണ്‍ പറഞ്ഞതു ഗീതാഗീതീ

നന്നായോന്നറിയാന്‍ കുറച്ച്കാലം പിടിയ്ക്കും ചിതലെ

ലതീഷ് വീണ്ടും ചികിത്സയ്ക്ക് പോകാന്‍
കവിത ഇടയാക്കീല്ലല്ലൊ,അല്ലെ? :)

സന്തോഷം ഹരിശ്രീ

ദീപൂ,ഒറ്റബിംബമല്ല,മുന്‍പോട്ട് നീക്കിവെച്ചു കിട്ടുന്ന പ്രധാന കരുക്കളെല്ലാമുണ്ടല്ലോയിവിടെ.
വിശദമായ വായനയ്ക്ക് പ്രത്യേക സന്തോഷമുണ്ട്ട്ടൊ.

Sapna Anu B.George said...

ഇവിടെ കണ്ടുകുട്ടിയതിലും കവിത വായിച്ചതിലും സന്തോഷം......

Rajeeve Chelanat said...

മരണവുമായി പകിട കളിക്കുന്ന ബര്‍ഗ്‌മാന്‍ കഥാപാത്രത്തിനെ ഓര്‍മ്മിപ്പിച്ചു. എല്ലാ ചതുരംഗക്കളികളിലും ജയിക്കുന്നത്, തോറ്റിട്ടും വീണ്ടും വീണ്ടും ഒരു കൈകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്ന തോല്‍‌വിയുടെ ആ മരിക്കാത്ത ശുഭപ്രതീക്ഷ തന്നെ.

കവിതയിലെ താളബോധവും നന്ന്.

അഭിവാദ്യങ്ങളോടെ

ഭൂമിപുത്രി said...

ഇവിടെവന്ന്തില്‍ സന്തോഷം സപ്ന.

രാജീവ്,ആരും ഇതു ചൂണ്ടിക്കാണിയ്ക്കാത്തതെതാണെന്നു ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു.
‘ഏഴാം മുദ്ര’ഞാന്‍ കണ്ടിട്ടില്ലെങ്കിലും,ആ സിനിമയെപ്പറ്റി വായിച്ച ഒരോറ്മ്മ അബോധത്തിലെങ്ങോ കിടപ്പുണ്ടായിരുന്നിരിയ്ക്കണം.ഈക്കവിതയെഴുതി കുറച്ചുനാള്‍ കഴിഞ്ഞാണ്‍ എനിയ്ക്കും ഈ സാമ്യം ഓറ്‍മ്മവന്ന്തു

Ranjith chemmad / ചെമ്മാടൻ said...

"കളിനിറ്ത്തി-
യകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം-
പതറുംചിന്ത..."

വളരെ വളരെയിഷ്ടപ്പെട്ടു....