Tuesday, August 16, 2011

ഒപ്പൊപ്പുമ്പോൾ

ആരോ നിര്‍ബ്ബന്ധി‌ച്ചി-

ട്ടെന്നത് പോലെ,

ആത്മവിശ്വാസമില്ലാത്ത

സ്വയംപ്രകാശനമായി

മടങ്ങിയും ചുളുങ്ങിയും

വീണുകിടക്കാറുണ്ട്.


എത്ര അടക്കിയിട്ടും

ഒരുതുള്ളി കണ്ണീരു

ഉരുണ്ടുകൂടി

വീണതോര്‍മ്മിപ്പിക്കുന്ന

നിവൃത്തികേടായി

നനഞ്ഞ് പടരാറുണ്ട്.


ഭീഷണിയുടെ വാൾത്തുമ്പത്ത്

വിളറുന്ന

ഭീതിയുടെ നിഴലായി നിന്ന്

വിറയ്ക്കാറുണ്ട്.


വാശിയില്‍ വലിച്ചുനീട്ടി

കടലാസില്‍ കോറി

നെഞ്ചുകീറുന്ന

വൈരാഗ്യക്കിതപ്പാകാറുണ്ട്.


അവസാനപ്രാര്‍ത്ഥനയില്‍

പ്രിയപ്പെട്ടൊന്നിനെ

ദൈവത്തിന്റെ കൈകളില്‍

തലകുനിച്ചേല്പിച്ച്

ആധിയായ്

വെന്ത് നില്‍ക്കാറുണ്ട്


ഏതോ വിളികേട്ടെത്തുന്ന

ആയിരം കൈകളിലൊന്നായി

ആകാശം തേടി

കാറ്റില്‍പ്പറക്കുന്ന

ആവേശക്കൊടിയാകാറുണ്ട്.


ഒപ്പുകള്‍ മൌനമായി

ഒപ്പിക്കൊണ്ടേയിരിക്കുകയാണ്

താനല്ലാത്തതൊക്കെ…


എങ്കിലും,

വല്ലപ്പോഴുമൊക്കെ

സ്വയം

ഒപ്പുമ്പോളാണ്

ഒപ്പ്

ശരിക്കും

ഒപ്പായി മാറുന്നത്,

നീണ്ടുനിവര്‍ന്ന് നിന്ന്

‘ഇതാ ഞാന്‍’ എന്ന്

പറയുമ്പോള്‍ മാത്രം.

-----------------------------------

5 comments:

ഭൂമിപുത്രി said...

വല്ലപ്പോഴുമൊക്കെ സ്വയം ഒപ്പുമ്പോഴാണ്
ഒപ്പ് ശരിക്കും ഒപ്പായി മാറുന്നത്

അനില്‍@ബ്ലോഗ് // anil said...

എല്ലാം ഒപ്പുന്ന ഒപ്പുകള്‍ !
ഇടവേളക്കു ശേഷം വീണ്ടും കണ്ടത്തില്‍ സന്തോഷം.

Rajeeve Chelanat said...

ഓരോ ഒപ്പും ഒരു സ്വയം പ്രഖ്യാപനമാണ്. ഈ കവിതയിലൂടെ വീണ്ടും ഒപ്പിട്ടതിൽ, അനിലിനെപ്പോലെ എനിക്കും സന്തോഷം.
അഭിവാദ്യങ്ങളോടെ

വേണു venu said...

സ്വയം ഒപ്പുമ്പോള്‍‍ മാത്രമാണു്.
വീണ്ടും കണ്ടതില്‍‍ അഭിവാദ്യങ്ങള്‍‍.

ഭൂമിപുത്രി said...

ഇവിടെ വന്ന് ഒപ്പിട്ടവർക്കും,ഇടാതെ പോയവർക്കും ഒക്കെ എന്റെ നന്ദി നമസ്ക്കാരം :-)