Monday, December 22, 2008

മണിക്കിലുക്ക്

കുഞ്ഞികൈയിലൊരു
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ഉള്ളിലെ വര്‍ണ്ണമണികളി-
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
‘എങ്ങിനെയമ്മേ’
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
അമ്മയുടെ മൗനം
മന്ത്രിച്ചതുപോലെ..
‘അത്
നിനക്കു മാത്രമേ അറിയൂ‘.
-----------------


‘ചിന്ത‘ യിൽ വന്ന കവിതയാൺ.
കാണാത്തവർക്ക് വേണ്ടി

Friday, November 14, 2008

പകർച്ചവ്യാധി

ആദ്യം,
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
അപ്പോളെങ്കിലും
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
കനല്‍ വീണതുപോലെ,
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..

മുഖം
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.

മൊഴിയുന്ന വാക്കിലും
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.

അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അങ്ങിനെയാണ്
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.

Tuesday, October 14, 2008

ഉച്ചാടനം

എഴുതപ്പെടുന്നവ,
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ

എഴുതപ്പെടാത്തവയിലപകടങ്ങളേറെ!

കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ

അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാ‍ലതയിലെയ്ക്ക്
വളർത്തുകയോ ആകാം

അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്

----------------------



Wednesday, September 10, 2008

ഒരേ കടൽ

ആഴക്കടലിലേ-
യ്ക്കെടുത്തെറിയപ്പെടുമെന്ന്
കരുതിയതല്ല.
മുങ്ങിത്താഴാതെയും
നീന്തിക്കേറാനാകാതെയും,
തിരകളെടുത്തെറിഞ്ഞുലയ്ക്കുന്ന
വെണ്ണപ്പാവയായി മാറി
സൂര്യതാപത്തി-
ലുരുകിയൊലിയ്ക്കുമെന്ന്
കരുതിയതേയല്ല

Friday, August 22, 2008

നൃത്തം

പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..

എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ

ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ

താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ

കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ

മായപോൽ മാറാലന്നൂൽ‍പ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ

ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ

തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ

മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.

Wednesday, July 30, 2008

ഉടുപ്പിന്റെ വിഭ്രാന്തികള്‍

ഉടുപ്പിന്റെ വികൃതികളാണ്‍
പ്രശ്നം
കാലത്തുണർന്നണിയാന്‍ നോക്കുമ്പോള്‍
ചിലപ്പോള്‍
കൈകാലുകള്‍ സ്ഥാനം തെറ്റിവളർന്ന്
മാറിനിന്ന്
കളിയാക്കി ചിരിയ്ക്കുന്നുണ്ടാകും
മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേർക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍....


മറ്റ്ചിലപ്പോഴൊരു
ചാറ്റല്‍മഴയില്‍ കുതിർന്ന്
മുമ്പ്കാണാത്ത
പലനിറങ്ങളണിഞ്ഞ്
കാറ്റത്ത്കിടന്നങ്ങിനെ
ആടുകയാവും.
ആകെ കഴുകിയുണക്കി
പഴയനിറം
വീണ്ടെടുക്കുന്നതുവരെയുള്ള
അതിഗൂഢനോവുകള്‍...


മറ്റ്ചിലപ്പോള്‍
ആകൃതിയാകെ മാറിമറിഞ്ഞ്
പിടിതരാതെ
തലയ്ക്ക്മുകളില്‍
പറന്നുനടക്കുന്നുണ്ടാ‍വും
വല്ലവിധവുമെത്തിപ്പിടിച്ച്
വലിച്ചുംകുറുക്കിയും
പൂർവ്വരൂപത്തിലാക്കുന്നത് വരെയുള്ള
അപൂർവ്വഭ്രാന്തികള്‍....

ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ.
-----------------------

(കുറേക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിത)

Thursday, May 15, 2008

ഓറ്മ്മയ്ക്കായി

ഡയറിയുടെ
അപ്പോയ്ന്മെന്റ്സ് താളില്‍
ഒരോറ്മ്മക്കുറിപ്പ്-
മതിലിനപ്പുറമുള്ള
അപരിചിതനുമായി
ഒരു കൂടിക്കാഴ്ച്ച-
തീയതിയില്ല!

സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്

ചോദ്യമിങ്ങനെ-
ഒന്നാം വാതിലിനരുകില്‍
കാത്തുനില്‍ക്കാം..
ഇങ്ങോട്ട് വരട്ടെയെന്നോ?
അതോ-
രണ്ടാം വാതിലിലൂടെ
അങ്ങോട്ട് പോകണോ?






Tuesday, May 06, 2008

പരിത്യക്ത

മറ്റേ പാതിയും പിടിച്ചെടുത്ത്‌
അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ
ഗോപുരവാതിലിനപ്പുറം
പരിത്യക്തദേവി നിന്ന്‌
നിരന്തരം യാചിക്കുന്നു:
"തിരിയെത്തരൂ...
ഒരു മുപ്പത്തിമൂന്നു
ശതമാനമെങ്കിലും...."

Thursday, April 24, 2008

ടെസ്റ്റിങ്ങ് തുടരുന്നു...

ഇതിനുമുന്‍പുള്ള കാതോരം
പോസ്റ്റ് ഗൂഗിള്‍ കണ്ടമട്ട് വെച്ചിട്ടില്ല!

ഇതു വീണ്ടുമൊരു പരീക്ഷണപ്പറക്കല്‍...
ഗൂഗിള്‍ തള്ളിപ്പറഞ്ഞ പുതിയൊരു
ബ്ലോഗിതാ ഇവിടെ

Monday, April 07, 2008

ചതുരംഗം

കരിനീലവസ്ത്രം
ഭീമാകാരം
ആപാദചൂഢമാവൃത-
മപ്പുറം
കരുനീക്കും വിരല്‍ത്തുമ്പു
പോലുമദൃശ്യം
ഏതോമായാഭ്രമത്തില്‍ക്കു-
രുങ്ങിയീക്കളിപ്പലക-
തന്നിപ്പുറം-
വിവശം വ്യഥിതം
വിട്ടുപോകുവാന്‍ വയ്യ!

സ്ഥലം കാലം
പദം സ്വപ്നം
പിന്നെയൊട്ടേറെ-
ക്കാലാള്‍ജന്മങ്ങ-
ളാലീച്ചതുരംഗം.

... ഇനിയുമൊരു കരു നീങ്ങുന്നു,
ഇരുള്‍പ്പുരികമൊ-
ന്നുയറ്ത്തി വെല്ലും പോ-
ലാരോ ഹസിയ്ക്കുന്നു.
എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി...

കളിനിറ്ത്തി-
യകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം-
പതറുംചിന്ത...

"കഴിഞ്ഞതവണയു-
മിതുചൊല്ലിത്തോ-
റ്റമ്പിയതല്ലേ?"
ഹാസ്യം
തലയറഞ്ഞ-
ട്ടഹാസം.

Sunday, March 23, 2008

അഞ്ചാം മരണം


ഒന്നാം മരണം വന്നതു
ഓറ്ക്കാപ്പുറത്തായിരുന്നു
മടങ്ങുമ്പോള്‍
ആളും ആത്മാവും
കൂടെപ്പോയി

രണ്ടാം മരണം വന്നതു
പേടിച്ചു പേടിച്ചി-
രിയ്ക്കുമ്പോഴായിരുന്നു
ആത്മാവിരിയ്ക്കെത്തന്നെ
ആളെമാത്രം കൂട്ടി
കാണാമറയത്തേയ്ക്ക്
കൊണ്ടുപോയി

(ഇതില്‍ക്കൂടുതലിനിയെന്തെന്ന്
ആശ്വസിയ്ക്കുമ്പോള്‍)
മുന്നാം മരണം വന്നതു
പരിഹാസച്ചിരിയുമായായിരുന്നു
കയ്യെത്തും ദൂരത്താ-
ളിരിയ്ക്കെത്തന്നെ,
ഓറ്മ്മയുടെ
പിടിവള്ളിമുറിഞ്ഞ്
ഇരുട്ടിലാണ്ടുപോകു-
മാത്മാവു
എത്തിത്തൊടാനാകാതെയായി.

നാലാം മരണം വന്നതു
ഒരുപിടി മൂടല്‍ മഞ്ഞ്
ജപിച്ചെറിഞ്ഞുകൊണ്ടാ‍യിരുന്നു
സ്മൃതിയില്ച്ചെന്നതുവീണു
മനസ്സ് മങ്ങിയൊരാള്‍
ആളും ആത്മാവുമിരിയ്ക്കെത്തന്നെ
ആകേമാറിപ്പോയി!

അഞ്ചാം മരണ-
മിറങ്ങിക്കാണും,
വരുമ്പോള്‍
ചൊല്ലിത്തരാം..
ഈയാള്‍
ഇവിടെയുണ്ടെങ്കില്‍.
---------------------------------

നാലാം മരണം വളരെ അപൂറ്‍വ്വവുമായ ഒരനുഭവമായതുകൊണ്ട്
ഒരടിക്കുറിപ്പ് വേണമെന്നു തോന്നുന്നു.
മരണത്തിന്റെ വാ‍തില്‍ വരെപ്പോയി തിരിയെവന്നൊരു പ്രിയവ്യക്തി-രക്ഷപ്പെട്ടുവെന്നെല്ലാവരും പറയുമ്പോഴും അതുറപ്പിച്ചുവിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
കാരണം,ഒരാളുടെ സ്വഭാവത്തിന്റെ ആകെത്തുകയില്‍നിന്നു, ഒരു ജീവിതത്തില്‍ ആറ്ജ്ജിച്ചെടുത്ത അനുഭവജ്ഞാനം മുഴുവന്‍ തുടച്ചുനീക്കപ്പെടുകയും,ജന്മസിദ്ധമായ പ്രകൃതം മാത്രം ബാക്കിയാകുകയും ചെയ്യുമ്പോള്‍, അതൊരു മരണസമാനമായ നഷ്ട്ടംപോലെത്തന്നെ.
ഒറ്റനോട്ടത്തില്‍ മൂന്നാം മരണവുമായി(അള്‍ഷിമേഴ്സ്) സാമ്യം തോന്നാമെങ്കിലും ഈ വ്യക്തികളുമായി ഇടപെടുന്നവരുടെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്‍

Thursday, February 14, 2008

പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്

അലസക്കാഴ്ച്ചയുടെ

കുഞ്ഞുതിരശീലയില്‍

നിലാവുണര്‍ന്നപോലെ..

കറുപ്പും വെളുപ്പും

മിനുങ്ങിത്തുടങ്ങുമ്പോള്‍

‘ നാടന്പാട്ടിന്റെ മടിശീലകിലുക്കി ‘

സ്നേഹം കൈമാറുന്ന

നസീറും ശ്രീവിദ്യയും.


ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട് തിരിഞ്ഞാല്‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്,

സ്വപ്നച്ചിറകിലെന്നപോലെ

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട് യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!


" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.


അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്' വായിച്ച്

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.


തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍

ഗുണം പിടിക്കില്ല"


കാര്യസ്ഥന്പണിക്കരമ്മാവന്‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്ക്കുന്നുണ്ടാകും


ചെറിയേട്ടന്‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.


കുഞ്ഞിമോള്‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....


കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.

-------------------------------------

മലയാളം വാരിക-25/7/2008












Tuesday, February 05, 2008

ദ്വന്ദ്വം

[ലാഡനും ലാലെയും-ഇറാനിലെ സയാമീസ്‌ ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ്‌ ഇവറ്‍ വാറ്ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയും പറ്റി ഒരു ചിന്ത]



ഒന്നായ നമ്മെയിനി
രണ്ടായ്പ്പിളറ്ന്നു വഴി
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...


വലിച്ചെറിയണം നിന്നെ...
തമ്മിലുരുകിച്ചേറ് -
ന്നുയിറ് കൊണ്ടോരെങ്കിലും,
നിരന്തരമെതിറ്ദിശകളില്‍
വലിഞ്ഞിടയില്‍ ഞെരുങ്ങു-
മിരു പ്രാണനന്യോന്യമലറുന്നു
വലിച്ചെറിയണം നിന്നെ...

ചമയങ്ങളുതിറ്ന്നു
സിരകളയഞ്ഞു
താന്‍-
താന്‍ മാത്രമാകു-
മേറ്റം സ്വകാര്യതയില്‍പ്പോലും
പ്രേത ബാധപോല്‍
പിന്തുടറ്ന്നെത്തു-
മന്യസാന്നിധ്യമായ്‌
പരസ്പ്പരം
നരകമായ്തീര്‍ന്നോര്‍ നാം.


ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.


തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..

കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !

പൂറ്ണ്ണത്തില്‍ നിന്നും
പൂറ്ണ്ണമെടുത്തു
ബാക്കി
പൂറ്ണ്ണമെന്നു
കരുതിയെന്നാല്‍..
പൂറ്ണ്ണം മറന്നു
പരിപൂറ്ണ്ണം തിരഞ്ഞുവോ..
രൂപം തഴഞ്ഞു
നിഴല്‍രൂപംതിരഞ്ഞുവോ..
ദ്വന്ദ്വങ്ങളുള്ളിലെ
ഞാനുമീ പിന്നെയീ
ഞാന്‍ തന്നെയെന്നതു
കാണാതെ പോയിതോ?

ഒന്നായനമ്മളിനി രണ്ടെന്നു തോന്നിയതി-
നുണ്ടായ ശോകമിതു
സറ്വ്വം തകറ്ത്തഖില-
മില്ലാതെയാകവെ
കാലം രചിച്ച കഥ .
----------------------------------

(ദേശാഭിമാനി-മാറ്ച്ച് 25/2007)

Sunday, January 27, 2008

കാവ്യ ദു:ഖം

കവികള്‍
കയ്യിലെടുത്തോമനിച്ചോമനിച്ച്‌
ഭൂമിയിലെ പൂക്കളൊക്കെ
വാടിയുംകൊഴിഞ്ഞും പോയി.

ഭാവനാശീലറ്
തഴുകിത്തലോടി
കാടും മലകളും
ഉണങ്ങിപ്പോയി.

സ്വപ്നജീവികള്‍
കനവില്‍ക്കണ്ണാടി
നോക്കിനോക്കി
കടലുംനദിയും കലങ്ങിപ്പോയി.

മുറിവേല്ക്കുമെന്നു ഭയന്നു
മുന്‍‍പൊക്കെ
അടിച്ചുകൂട്ടി
വേലിയ്ക്കപ്പുറത്തേയ്ക്കെറിഞ്ഞ
ചില്ലുകഷ്ണങ്ങള്‍
തിരിയേ പെറുക്കിയെടുത്തു
നിരത്തിയാണു
ഞാനിപ്പോള്‍ കവിതയെഴുതുന്നത്‌.
--------------------
(മലയാളം വാരിക-2/4/2004)
----------------------------------------------------------------------------------------------------------------------------------


‘കാതോരം’

എന്ന ബ്ലോഗില്‍

ആദ്യം പോസ്റ്റ്ചെയ്ത
കവിതകളിവിടെ-

മരണപത്രം പ്രശ്നമാകുമ്പോള്

ആരോ

വ്ര്ണം

-------------------------------------------------------------------------------------------