Sunday, November 27, 2011
Tuesday, August 16, 2011
ഒപ്പൊപ്പുമ്പോൾ
ആരോ നിര്‍ബ്ബന്ധിച്ചി-
ട്ടെന്നത് പോലെ,
ആത്മവിശ്വാസമില്ലാത്ത
സ്വയംപ്രകാശനമായി
മടങ്ങിയും ചുളുങ്ങിയും
വീണുകിടക്കാറുണ്ട്.
എത്ര അടക്കിയിട്ടും
ഒരുതുള്ളി കണ്ണീരു
ഉരുണ്ടുകൂടി
വീണതോര്‍മ്മിപ്പിക്കുന്ന
നിവൃത്തികേടായി
നനഞ്ഞ് പടരാറുണ്ട്.
ഭീഷണിയുടെ വാൾത്തുമ്പത്ത്
വിളറുന്ന
ഭീതിയുടെ നിഴലായി നിന്ന്
വിറയ്ക്കാറുണ്ട്.
വാശിയില്‍ വലിച്ചുനീട്ടി
കടലാസില്‍ കോറി
നെഞ്ചുകീറുന്ന
വൈരാഗ്യക്കിതപ്പാകാറുണ്ട്.
അവസാനപ്രാര്‍ത്ഥനയില്‍
പ്രിയപ്പെട്ടൊന്നിനെ
ദൈവത്തിന്റെ കൈകളില്‍
തലകുനിച്ചേല്പിച്ച്
ആധിയായ്
വെന്ത് നില്‍ക്കാറുണ്ട്
ഏതോ വിളികേട്ടെത്തുന്ന
ആയിരം കൈകളിലൊന്നായി
ആകാശം തേടി
കാറ്റില്‍പ്പറക്കുന്ന
ആവേശക്കൊടിയാകാറുണ്ട്.
ഒപ്പുകള്‍ മൌനമായി
ഒപ്പിക്കൊണ്ടേയിരിക്കുകയാണ്
താനല്ലാത്തതൊക്കെ…
എങ്കിലും,
വല്ലപ്പോഴുമൊക്കെ
സ്വയം
ഒപ്പുമ്പോളാണ്
ഒപ്പ്
ശരിക്കും
ഒപ്പായി മാറുന്നത്,
നീണ്ടുനിവര്‍ന്ന് നിന്ന്
‘ഇതാ ഞാന്‍’ എന്ന്
പറയുമ്പോള്‍ മാത്രം.
-----------------------------------
Monday, February 28, 2011
കനകക്കുന്ന്
കനകക്കുന്ന്
ഒരു കനകക്കുന്ന്
അനങ്ങിയടുക്കുമ്പോൾ
ഒരുപാടാളുകൾ
ആകാംക്ഷയുടെ മുൾമുനയിൽ
എത്തിനോക്കുന്നുണ്ടാകുമത്രെ....
“ആകേമൊത്തം മതിപ്പെന്ത് വരും?“
മനക്കണക്കുകൾ കൂട്ടിപ്പെരുക്കി
അന്നത്തെ അങ്ങാടിനിലവാരം
ഓർത്തെടുക്കാൻ
തലപുകയ്ക്കുമത്രെ...
വീട്ടിലെ സ്ഥാനവും
നാട്ടിലെ മാനവും
ഏതാനും നിമിഷങ്ങൾ കൊണ്ട്
അളക്കപ്പെടുമത്രെ...
സദ്യയുണ്ടേമ്പക്കമിട്ട്
വീട്ടിലെത്തുന്ന
നാട്ടുകാരോ-
ടയൽവാസി
ചോദിക്കുമത്രെ-
“പെണ്ണെങ്ങിനെ?”
തലകുലുക്കിസ്സമ്മതം മൂളിയാൽ-
സായൂജ്യം!
“ഒരു കിലോയിൽക്കുറയില്ല”
------------------------------------------
Tuesday, January 27, 2009
ശ്രീരാമസേനാമൃതം
വത്സേ!സുഗുണേ! കുമാരി! നീ കേൾക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകൾ
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നുഞാൻ
പബ്ബുകൾ തേടിനീ യാത്രയായെന്നതും.
നീന്നേപഠിപ്പിച്ചു നേരേനടത്തുവാൻ
എന്നേ നിയോഗിച്ചു മാനം പുലർത്തുവാൻ.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാൻ
നിർണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക
നാടിൻ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞുനീ ദൂരെ ഗമിയ്ക്കുക
-----------------------------------
Monday, December 22, 2008
മണിക്കിലുക്ക്
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
മന്ത്രിച്ചതുപോലെ..
Friday, November 14, 2008
പകർച്ചവ്യാധി
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.
അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.
Tuesday, October 14, 2008
ഉച്ചാടനം
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ
എഴുതപ്പെടാത്തവയിലപകടങ്ങളേറെ!
കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ
അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാലതയിലെയ്ക്ക്
വളർത്തുകയോ ആകാം
അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്
----------------------
Wednesday, September 10, 2008
ഒരേ കടൽ
യ്ക്കെടുത്തെറിയപ്പെടുമെന്ന്
കരുതിയതല്ല.
മുങ്ങിത്താഴാതെയും
നീന്തിക്കേറാനാകാതെയും,
തിരകളെടുത്തെറിഞ്ഞുലയ്ക്കുന്ന
വെണ്ണപ്പാവയായി മാറി
സൂര്യതാപത്തി-
ലുരുകിയൊലിയ്ക്കുമെന്ന്
കരുതിയതേയല്ല
Friday, August 22, 2008
നൃത്തം
പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..
എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ
ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ
താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ
കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ
മായപോൽ മാറാലന്നൂൽപ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ
ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ
തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ
മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.
Wednesday, July 30, 2008
ഉടുപ്പിന്റെ വിഭ്രാന്തികള്‍
പ്രശ്നം
കാലത്തുണർന്നണിയാന്‍ നോക്കുമ്പോള്‍
ചിലപ്പോള്‍
കൈകാലുകള്‍ സ്ഥാനം തെറ്റിവളർന്ന്
മാറിനിന്ന്
കളിയാക്കി ചിരിയ്ക്കുന്നുണ്ടാകും
മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേർക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍....
മറ്റ്ചിലപ്പോഴൊരു
ചാറ്റല്‍മഴയില്‍ കുതിർന്ന്
മുമ്പ്കാണാത്ത
പലനിറങ്ങളണിഞ്ഞ്
കാറ്റത്ത്കിടന്നങ്ങിനെ
ആടുകയാവും.
ആകെ കഴുകിയുണക്കി
പഴയനിറം
വീണ്ടെടുക്കുന്നതുവരെയുള്ള
അതിഗൂഢനോവുകള്‍...
മറ്റ്ചിലപ്പോള്‍
ആകൃതിയാകെ മാറിമറിഞ്ഞ്
പിടിതരാതെ
തലയ്ക്ക്മുകളില്‍
പറന്നുനടക്കുന്നുണ്ടാവും
വല്ലവിധവുമെത്തിപ്പിടിച്ച്
വലിച്ചുംകുറുക്കിയും
പൂർവ്വരൂപത്തിലാക്കുന്നത് വരെയുള്ള
അപൂർവ്വഭ്രാന്തികള്‍....
ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ.
-----------------------
(കുറേക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിത)
Thursday, May 15, 2008
ഓറ്മ്മയ്ക്കായി
അപ്പോയ്ന്മെന്റ്സ് താളില്‍
ഒരോറ്മ്മക്കുറിപ്പ്-
മതിലിനപ്പുറമുള്ള
അപരിചിതനുമായി
ഒരു കൂടിക്കാഴ്ച്ച-
തീയതിയില്ല!
സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്
ചോദ്യമിങ്ങനെ-
ഒന്നാം വാതിലിനരുകില്‍
കാത്തുനില്‍ക്കാം..
ഇങ്ങോട്ട് വരട്ടെയെന്നോ?
അതോ-
രണ്ടാം വാതിലിലൂടെ
അങ്ങോട്ട് പോകണോ?
Tuesday, May 06, 2008
പരിത്യക്ത
അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ
ഗോപുരവാതിലിനപ്പുറം
പരിത്യക്തദേവി നിന്ന്
നിരന്തരം യാചിക്കുന്നു:
"തിരിയെത്തരൂ...
ഒരു മുപ്പത്തിമൂന്നു
ശതമാനമെങ്കിലും...."
Thursday, April 24, 2008
ടെസ്റ്റിങ്ങ് തുടരുന്നു...
ഇതിനുമുന്‍പുള്ള കാതോരം
പോസ്റ്റ് ഗൂഗിള്‍ കണ്ടമട്ട് വെച്ചിട്ടില്ല!
ഇതു വീണ്ടുമൊരു പരീക്ഷണപ്പറക്കല്‍...
ഗൂഗിള്‍ തള്ളിപ്പറഞ്ഞ പുതിയൊരു
ബ്ലോഗിതാ ഇവിടെ
Monday, April 07, 2008
ചതുരംഗം
ഭീമാകാരം
ആപാദചൂഢമാവൃത-
മപ്പുറം
കരുനീക്കും വിരല്‍ത്തുമ്പു
പോലുമദൃശ്യം
ഏതോമായാഭ്രമത്തില്‍ക്കു-
രുങ്ങിയീക്കളിപ്പലക-
തന്നിപ്പുറം-
വിവശം വ്യഥിതം
വിട്ടുപോകുവാന്‍ വയ്യ!
സ്ഥലം കാലം
പദം സ്വപ്നം
പിന്നെയൊട്ടേറെ-
ക്കാലാള്‍ജന്മങ്ങ-
ളാലീച്ചതുരംഗം.
... ഇനിയുമൊരു കരു നീങ്ങുന്നു,
ഇരുള്‍പ്പുരികമൊ-
ന്നുയറ്ത്തി വെല്ലും പോ-
ലാരോ ഹസിയ്ക്കുന്നു.
എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി...
കളിനിറ്ത്തി-
യകത്തുപോയ്
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം-
പതറുംചിന്ത...
"കഴിഞ്ഞതവണയു-
മിതുചൊല്ലിത്തോ-
റ്റമ്പിയതല്ലേ?"
ഹാസ്യം
തലയറഞ്ഞ-
ട്ടഹാസം.
Sunday, March 23, 2008
അഞ്ചാം മരണം
ഒറ്റനോട്ടത്തില്‍ മൂന്നാം മരണവുമായി(അള്‍ഷിമേഴ്സ്) സാമ്യം തോന്നാമെങ്കിലും ഈ വ്യക്തികളുമായി ഇടപെടുന്നവരുടെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്‍
Thursday, February 14, 2008
പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്
അലസക്കാഴ്ച്ചയുടെ
കുഞ്ഞുതിരശീലയില്‍
നിലാവുണര്‍ന്നപോലെ..
കറുപ്പും വെളുപ്പും
മിനുങ്ങിത്തുടങ്ങുമ്പോള്‍
‘ നാടന്‍പാട്ടിന്റെ മടിശീലകിലുക്കി ‘
സ്നേഹം കൈമാറുന്ന
നസീറും ശ്രീവിദ്യയും.
ആപ്പാടവരമ്പിലൂടെ
അല്‍പ്പം നടന്നുകേറി
വലത്തോട്ട് തിരിഞ്ഞാല്‍
അടുത്ത മുക്കായി.
അവിടെക്കാത്തുനിന്ന്,
സ്വപ്നച്ചിറകിലെന്നപോലെ
ഒഴുകിയെത്തുന്ന
'പഴങ്കഥപ്പാട്ട് ' എന്ന
ആദ്യത്തെ ബസ്സില്‍ക്കേറി,
പുറകോട്ട് യാത്രചെയ്താല്‍
നഗരഹൃദയമായി..
എന്റെയിടമായി!
" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"
എന്നൊക്കെയന്വേഷിച്ചു
വഴിതെറ്റിയെത്തുന്നവര്‍ക്ക്
ഔപചാരികതയുടെ
മഞ്ഞച്ചായം തേച്ച
ഇരുനിലക്കെട്ടിടം.
പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,
താമരവളയം കൊണ്ട്
കൊണ്ടാട്ടം വറക്കുന്ന
വേളിച്ചെണ്ണ വാസന,
നീണ്ട ഇടനാഴിയിലൂടെ-
യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.
അകത്തെമുറിയിലമ്മ
കടുത്ത ശ്വാസമ്മുട്ടലിനിടയിലും
'മലയാളനാട്' വായിച്ച്
കണ്ണടയൂരും മുന്‍പേ
"നല്ല കഥ" എന്നു
പേജിനടിയില്‍ കുറിക്കുന്നുണ്ടാകും
അഛന്‍ കോടതിവേഷത്തില്‍,
ചുമരിലെ പടത്തിലിരുന്നു
അതുനോക്കിച്ചിരിക്കുന്നുണ്ടാകും.
തളത്തില്‍ വല്യേട്ടന്‍,
മേശ നിറയുന്ന പഴയ
'മര്‍ഫി'റേഡിയോയുടെ
പൊട്ടലും ചീറ്റലും അവഗണിച്ചു
സൂചി തിരിച്ചു തിരിച്ചു
'മെല്വില്‍ ഡി മെല്ലോ'യുടെ
വാര്‍ത്ത പിടിച്ചെടുക്കുകയും
കൂട്ടത്തില്‍
പ്രധാനമന്ത്രിയെ-
പ്പഴിക്കുന്നുമുണ്ടാകും
" വിധവകള്‍ നാടുഭരിച്ചാല്‍
ഗുണം പിടിക്കില്ല"
കാര്യസ്ഥന്‍ പണിക്കരമ്മാവന്‍,
വരവ്-746 രൂപ 43 പൈസ
ചിലവ്-746 രൂപ 43പൈസ
എന്നു കൃത്യമായി
കണക്കെഴുതിയുണ്ടാക്കിയ പുസ്തകം
അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി
പടിഞ്ഞാപ്പുറത്തു കാത്തുനില്‍ക്കുന്നുണ്ടാകും
ചെറിയേട്ടന്‍,
'റാലീ'സൈക്കിളിടിച്ചു പടിതുറന്നു
ഒരുകെട്ട് 'വിപ്ളവാഭിവാദന'
നോട്ടീസുകളുമായി
കോളേജില്‍നിന്നെത്തിക്കാണും.
വാശിപിടിച്ച്
സിമന്റ്തറയുടെ ഇളംതണുപ്പില്‍
കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും
അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന
'ഗ്ലാക്സോ'പ്പാലിലൊരല്‍പ്പം
ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്
സ്കൂള്‍ യൂണിഫോം മാറ്റാതെ
ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....
കാലം ബുള്‍ഡോസറിന്മേലേറി
കയറുമായി പുറപ്പെട്ടി
ട്ടുണ്ടെന്നറിയാതെ,
നിഷ്ക്കളങ്കമായി
വിരുന്നുകാര്‍ക്കായി കാക്കുന്ന
എന്‍റ്റെ വീടും പ്രിയമുള്ളവരെയും
വീണ്ടെടുക്കാന്‍
ഇവിടെ... ഇപ്പോള്‍...
ഈപ്പാടവരമ്പിലൂടെ നടന്നുകേറി...
പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന
നായികാനായകന്‍മാരെത്തള്ളിമാറ്റി
മായപ്പെട്ടിയുടെ
അനന്തസാദ്ധ്യതകളിലേക്കു..
പിന്നാമ്പുറ-
സ്ഥലകാലങ്ങളിലേക്കു
ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
-------------------------------------
മലയാളം വാരിക-25/7/2008
Tuesday, February 05, 2008
ദ്വന്ദ്വം
[ലാഡനും ലാലെയും-ഇറാനിലെ സയാമീസ് ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ് ഇവറ്‍ വാറ്ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയും പറ്റി ഒരു ചിന്ത]
രണ്ടായ്പ്പിളറ്ന്നു വഴി
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...
വലിച്ചെറിയണം നിന്നെ...
തമ്മിലുരുകിച്ചേറ് -
ന്നുയിറ് കൊണ്ടോരെങ്കിലും,
നിരന്തരമെതിറ്ദിശകളില്‍
വലിഞ്ഞിടയില്‍ ഞെരുങ്ങു-
മിരു പ്രാണനന്യോന്യമലറുന്നു
വലിച്ചെറിയണം നിന്നെ...
ചമയങ്ങളുതിറ്ന്നു
സിരകളയഞ്ഞു
താന്‍-
താന്‍ മാത്രമാകു-
മേറ്റം സ്വകാര്യതയില്‍പ്പോലും
പ്രേത ബാധപോല്‍
പിന്തുടറ്ന്നെത്തു-
മന്യസാന്നിധ്യമായ്
പരസ്പ്പരം
നരകമായ്തീര്‍ന്നോര്‍ നാം.
ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.
തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..
കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !
പൂറ്ണ്ണത്തില്‍ നിന്നും
പൂറ്ണ്ണമെടുത്തു
ബാക്കി
പൂറ്ണ്ണമെന്നു
കരുതിയെന്നാല്‍..
പൂറ്ണ്ണം മറന്നു
പരിപൂറ്ണ്ണം തിരഞ്ഞുവോ..
രൂപം തഴഞ്ഞു
നിഴല്‍രൂപംതിരഞ്ഞുവോ..
ദ്വന്ദ്വങ്ങളുള്ളിലെ
ഞാനുമീ പിന്നെയീ
ഞാന്‍ തന്നെയെന്നതു
കാണാതെ പോയിതോ?
ഒന്നായനമ്മളിനി രണ്ടെന്നു തോന്നിയതി-
നുണ്ടായ ശോകമിതു
സറ്വ്വം തകറ്ത്തഖില-
മില്ലാതെയാകവെ
കാലം രചിച്ച കഥ .
----------------------------------
(ദേശാഭിമാനി-മാറ്ച്ച് 25/2007)