Friday, August 22, 2008

നൃത്തം

പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..

എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ

ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ

താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ

കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ

മായപോൽ മാറാലന്നൂൽ‍പ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ

ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ

തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ

മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.