Sunday, November 27, 2011
Tuesday, August 16, 2011
ഒപ്പൊപ്പുമ്പോൾ
ആരോ നിര്‍ബ്ബന്ധിച്ചി-
ട്ടെന്നത് പോലെ,
ആത്മവിശ്വാസമില്ലാത്ത
സ്വയംപ്രകാശനമായി
മടങ്ങിയും ചുളുങ്ങിയും
വീണുകിടക്കാറുണ്ട്.
എത്ര അടക്കിയിട്ടും
ഒരുതുള്ളി കണ്ണീരു
ഉരുണ്ടുകൂടി
വീണതോര്‍മ്മിപ്പിക്കുന്ന
നിവൃത്തികേടായി
നനഞ്ഞ് പടരാറുണ്ട്.
ഭീഷണിയുടെ വാൾത്തുമ്പത്ത്
വിളറുന്ന
ഭീതിയുടെ നിഴലായി നിന്ന്
വിറയ്ക്കാറുണ്ട്.
വാശിയില്‍ വലിച്ചുനീട്ടി
കടലാസില്‍ കോറി
നെഞ്ചുകീറുന്ന
വൈരാഗ്യക്കിതപ്പാകാറുണ്ട്.
അവസാനപ്രാര്‍ത്ഥനയില്‍
പ്രിയപ്പെട്ടൊന്നിനെ
ദൈവത്തിന്റെ കൈകളില്‍
തലകുനിച്ചേല്പിച്ച്
ആധിയായ്
വെന്ത് നില്‍ക്കാറുണ്ട്
ഏതോ വിളികേട്ടെത്തുന്ന
ആയിരം കൈകളിലൊന്നായി
ആകാശം തേടി
കാറ്റില്‍പ്പറക്കുന്ന
ആവേശക്കൊടിയാകാറുണ്ട്.
ഒപ്പുകള്‍ മൌനമായി
ഒപ്പിക്കൊണ്ടേയിരിക്കുകയാണ്
താനല്ലാത്തതൊക്കെ…
എങ്കിലും,
വല്ലപ്പോഴുമൊക്കെ
സ്വയം
ഒപ്പുമ്പോളാണ്
ഒപ്പ്
ശരിക്കും
ഒപ്പായി മാറുന്നത്,
നീണ്ടുനിവര്‍ന്ന് നിന്ന്
‘ഇതാ ഞാന്‍’ എന്ന്
പറയുമ്പോള്‍ മാത്രം.
-----------------------------------
Monday, February 28, 2011
കനകക്കുന്ന്
കനകക്കുന്ന്
ഒരു കനകക്കുന്ന്
അനങ്ങിയടുക്കുമ്പോൾ
ഒരുപാടാളുകൾ
ആകാംക്ഷയുടെ മുൾമുനയിൽ
എത്തിനോക്കുന്നുണ്ടാകുമത്രെ....
“ആകേമൊത്തം മതിപ്പെന്ത് വരും?“
മനക്കണക്കുകൾ കൂട്ടിപ്പെരുക്കി
അന്നത്തെ അങ്ങാടിനിലവാരം
ഓർത്തെടുക്കാൻ
തലപുകയ്ക്കുമത്രെ...
വീട്ടിലെ സ്ഥാനവും
നാട്ടിലെ മാനവും
ഏതാനും നിമിഷങ്ങൾ കൊണ്ട്
അളക്കപ്പെടുമത്രെ...
സദ്യയുണ്ടേമ്പക്കമിട്ട്
വീട്ടിലെത്തുന്ന
നാട്ടുകാരോ-
ടയൽവാസി
ചോദിക്കുമത്രെ-
“പെണ്ണെങ്ങിനെ?”
തലകുലുക്കിസ്സമ്മതം മൂളിയാൽ-
സായൂജ്യം!
“ഒരു കിലോയിൽക്കുറയില്ല”
------------------------------------------
Tuesday, January 27, 2009
ശ്രീരാമസേനാമൃതം
വത്സേ!സുഗുണേ! കുമാരി! നീ കേൾക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകൾ
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നുഞാൻ
പബ്ബുകൾ തേടിനീ യാത്രയായെന്നതും.
നീന്നേപഠിപ്പിച്ചു നേരേനടത്തുവാൻ
എന്നേ നിയോഗിച്ചു മാനം പുലർത്തുവാൻ.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാൻ
നിർണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക
നാടിൻ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞുനീ ദൂരെ ഗമിയ്ക്കുക
-----------------------------------
Monday, December 22, 2008
മണിക്കിലുക്ക്
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
മന്ത്രിച്ചതുപോലെ..
Friday, November 14, 2008
പകർച്ചവ്യാധി
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.
അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.
Tuesday, October 14, 2008
ഉച്ചാടനം
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ
എഴുതപ്പെടാത്തവയിലപകടങ്ങളേറെ!
കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ
അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാലതയിലെയ്ക്ക്
വളർത്തുകയോ ആകാം
അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്
----------------------